23.4 C
Saudi Arabia
Sunday, March 22, 2026
spot_img

‘അതിദാരിദ്ര്യമുക്ത പ്രഖ്യാപനം തട്ടിപ്പ്; കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുന്നു’- വി.ഡി. സതീശൻ

തിരുവനന്തപുരം: അതീവ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമെന്ന കേരള സർക്കാരിൻ്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ കള്ളക്കണക്കുകൾ ഉപയോഗിച്ച് കൊട്ടാരം പണിയുകയാണെന്നും പ്രഖ്യാപനം ഒരു തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് ലക്ഷക്കണക്കിന് പേർ അതീവ ദാരിദ്ര്യത്തിൽ കഴിയുന്നുണ്ടെങ്കിലും 64,000 പേരെ മാത്രം ഉൾപ്പെടുത്തിയാണ് സർക്കാർ പട്ടിക തയ്യാറാക്കിയത്. യയഥാർത്ഥത്തിൽ ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതീവ ദരിദ്രരായി കണക്കാക്കേണ്ടത്.

അതീവ ദരിദ്രരുടെ പട്ടിക ഉണ്ടാക്കാൻ ഉപയോഗിച്ച മാനദണ്ഡം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആസൂത്രണ ബോർഡിനോട് അഭിപ്രായം ചോദിച്ചിരുന്നോ എന്നും അദ്ദേഹം ആരാഞ്ഞു.

എൽ.ഡി.എഫ്. പ്രകടന പത്രികയിൽ 4.5 ലക്ഷം പരമദരിദ്ര കുടുംബങ്ങളുണ്ടെന്ന് പറയുന്നു. എന്നാൽ, സർക്കാർ പട്ടികയിൽ 64,000 പേർ മാത്രമാണ് അതിദരിദ്രരായിട്ടുള്ളത്. ‘പരമദരിദ്രരും അതീവ ദരിദ്രരും തമ്മിലുള്ള വ്യത്യാസം എന്താണ്?’ എന്ന് സതീശൻ ചോദിച്ചു.

2011 സെൻസസ് അനുസരിച്ച് കേരളത്തിൽ 4.85 ലക്ഷം ആദിവാസികളുണ്ടെങ്കിലും സർക്കാരിന്റെ അതിദരിദ്രരുടെ കണക്കിൽ 6,400 പേരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ബാക്കിയുള്ളവർ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അതിദരിദ്രരില്ലെന്ന് സംസ്ഥാനം പ്രഖ്യാപിച്ചാൽ, പാവപ്പെട്ടവർക്ക് നൽകുന്ന കേന്ദ്ര സഹായങ്ങൾ നിർത്തലാക്കാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ ഇത്തരം പ്രഖ്യാപനങ്ങളും ക്ഷേമ പെൻഷൻ വർധനവും നടത്തുന്നതെന്നും, ഇത് പാവപ്പെട്ടവരോട് ചെയ്യുന്ന നീതികേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രഖ്യാപനം പിൻവലിക്കണമെന്നും ആസൂത്രണ ബോർഡിനെക്കൊണ്ട് വിശദമായ പഠനം നടത്തണമെന്നും ഇടതുപക്ഷ സഹയാത്രികരും മുൻ ആസൂത്രണ ബോർഡ് അംഗങ്ങളും ഉൾപ്പെടെയുള്ളവർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles