20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

വോട്ടർപട്ടിക തീവ്രപരിശോധന; സുതാര്യത ഉറപ്പാക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി

കോഴിക്കോട്: വോട്ടർപട്ടിക തീവ്രപരിശോധന (എസ്.ഐ.ആർ ) ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചിട്ടുള്ള ഭീതിയും ആശങ്കയും അധികൃതർ പരിഹരിക്കാൻ തയ്യാറാവണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. പരിശോധനകൾ സുതാര്യവും നീതിയുക്തവുമാകണമെന്നും അദ്ദേഹം പറഞ്ഞു. .

എസ്.ഐ.ആറിൻ്റെ മറവിൽ പൗരത്വപരിശോധനയാണ് യഥാർഥത്തിൽ നടക്കുന്നതെന്ന ഭീതി നിലനിൽക്കുന്നുണ്ട്. നിലവിൽ എസ്.ഐ.ആർ പൂർത്തിയായ ബിഹാറിൽ ലക്ഷക്കണക്കിന് ന്യൂനപക്ഷ വിഭാഗങ്ങളും ദരിദ്രരും വോട്ടർപട്ടികയിൽ നിന്ന് പുറത്തായ സാഹചര്യവും സുപ്രീംകോടതി ഇടപെടലും കാന്തപുരം ചൂണ്ടിക്കാട്ടി.

തീവ്രപരിശോധനക്കായി സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങൾക്കും വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികൾക്കും പലതരം സങ്കീർണതകൾ ഉണ്ടാക്കുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പരിശോധന നീട്ടിവെക്കണമെന്ന കേരളത്തിൻ്റെ ആവശ്യം നിരസിച്ച സാഹചര്യത്തിൽ, അർഹതപ്പെട്ട ഒരാൾ പോലും പുറത്താകില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ ജാഗ്രതയോടെ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അറിവില്ലായ്‌മ കൊണ്ടോ അശ്രദ്ധകൊണ്ടോ വോട്ടവകാശം നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. രാഷ്ട്രീയ പാർട്ടികൾ, പൊതുപ്രവർത്തകർ, സാമൂഹിക സംഘടനകൾ, മാധ്യമങ്ങൾ എന്നിവർ ജനങ്ങളെ ബോധവത്കരിക്കാൻ മുന്നോട്ട് വരണമെന്നും, ഇതിനായി കേരള മുസ്‌ലിം ജമാഅത്തും സമസ്‌തയുടെ ഉപസംഘടനകളും ഹെൽപ് ഡെസ്‌കുകൾ സ്ഥാപിക്കാൻ സജ്ജമായിട്ടുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles