ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ (എസ്.ഐ.ആർ.) നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്.ഐ.ആർ. പ്രക്രിയ നിർത്തിവെക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് സംസ്ഥാനത്തിനുവേണ്ടി കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും, ഡിസംബർ 21 വരെ വോട്ടർ പട്ടിക പരിഷ്‌കരണം നിർത്തിവെക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എസ്.ഐ.ആർ. നടപടികളും തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് സംസ്ഥാനത്തെ ഭരണ സംവിധാനത്തെ സ്‌തംഭിപ്പിക്കാൻ കാരണമാകുമെന്നും ഹർജിയിൽ പറയുന്നു. എസ്.ഐ.ആറിനെതിരെ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഇന്ന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.



