ദുബൈ: യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 1, 2 തീയതികളിലാണ് മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം പൊതു അവധി പ്രഖ്യാപിച്ചത്.
സാധാരണ വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായർ എന്നിവ കൂടി പരിഗണിക്കുമ്പോൾ രാജ്യത്തെ ഭൂരിഭാഗം പേർക്കും നാല് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. വെള്ളിയാഴ്ച അവധിയുള്ള ഷാർജ പോലെയുള്ള എമിറേറ്റുകളിൽ ഇത് അഞ്ച് ദിവസത്തെ അവധിയായി മാറും. നാല് ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 3-നായിരിക്കും ഓഫിസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക.
1971 ഡിസംബർ 2-ന് ഏഴ് എമിറേറ്റുകൾ ചേർന്ന് യുനൈറ്റഡ് അറബ് എമിറേറ്റ്സ് രൂപവത്കരിച്ചതിന്റെ ബഹുമാനാർത്ഥമാണ് എല്ലാ വർഷവും ഡിസംബർ 2-ന് ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് അതിവിപുലമായ ആഘോഷങ്ങളും പരിപാടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.



