15 C
Saudi Arabia
Wednesday, February 4, 2026
spot_img

ഏജൻറ് വഞ്ചിച്ചു, ഹൈദരാബാദ് യുവതി ഒമാനിൽ കുടുങ്ങി; മോചനത്തിന് വേണ്ടത് 2 ലക്ഷം രൂപ

മസ്‌കറ്റ്: പ്രതിമാസം 30,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് തൊഴിൽ ഏജന്റ് വഞ്ചിച്ചതിനെ തുടർന്ന് ഹൈദരാബാദ് സ്വദേശിനി ഫൗസിയ ബീഗം ഒമാനിൽ കുടുങ്ങി. വിവാഹമോചനത്തിനുശേഷം ജീവിതമാർഗം തേടിയാണ് ഫൗസിയ ബീഗം ഒക്ടോബർ 21-ന് വീട്ടുജോലിക്കായി ഹൈദരാബാദിലെ ഒരു ലോക്കൽ ട്രാവൽ ഏജൻസി മുഖേന സന്ദർശക വിസയിൽ ഒമാനിൽ എത്തിയത്. ബാംഗ്ലൂർ നിവാസിയായ സിദ്ദിഖ് എന്ന ഏജന്റാണ് ഇവരെ കബളിപ്പിച്ചത്.

ഒമാനിലെത്തിയ ഉടൻ മറ്റൊരു ഏജന്റ് വഴി അൽബുറൈമിയിൽ എത്തിച്ച ഫൗസിയക്ക് ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. ഏജന്റ് ഇവരുടെ പാസ്‌പോർട്ടും മറ്റു രേഖകളും കൈക്കലാക്കുകയും ചെയ്‌തു.

നാല് പുരുഷന്മാരും 24 വയസ്സുള്ള ഒരു സ്ത്രീയും ചേർന്ന സംഘം ഫൗസിയയെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സഹോദരൻ അബ്ദുൽ അസീം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. അവർ സഹോദരിയെ നിരന്തരം പീഡിപ്പിക്കുകയും ഒന്നിലധികം വീടുകളിൽ വീട്ടുജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, ഇവർ ഫൗസിയക്ക് ഭക്ഷണവും താമസവും നിഷേധിക്കുകയും ചെയ്‌തു. ഫൗസിയയെ നാട്ടിലെത്തിക്കാൻ മോചനദ്രവ്യമായി 2 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നത്.

ഫൗസിയയുടെ മോചനത്തിനായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും വിദേശകാര്യ മന്ത്രി സുബ്രമണ്യം ജയ്ശങ്കറെയും വിവരം അറിയിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഫൗസിയക്ക് മൂന്ന് കുട്ടികളുണ്ട്. കടബാധ്യത കാരണം കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിക്കാൻ എത്രയും പെട്ടെന്ന് സഹോദരിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അബ്ദുൽ അസീം അഭ്യർഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles