അബൂദബി: യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്തം കൂടുതൽ വിപുലമാക്കുന്നതിൻ്റെ ഭാഗമായി അബൂദബി ഇൻവെസ്റ്റ്‌മെൻ്റ് ഫോറം മുംബൈയിൽ നടന്നു. അബൂദബിയെ ഒരു ആഗോള ബിസിനസ് ഹബ്ബായി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അബൂദബി ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസും അബൂദബി സാമ്പത്തിക വികസന വകുപ്പും സംയുക്തമായി ഈ ഫോറം സംഘടിപ്പിച്ചത്. ഇന്ത്യയിലെ യു.എ.ഇ. അംബാസഡർ ഡോ. അബ്ദുന്നാസർ അൽ ഷആലി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി ഉൾപ്പെടെ ഇരു രാജ്യങ്ങളിലെയും പ്രമുഖ വ്യവസായ പ്രമുഖരും ഉന്നതതല സാമ്പത്തിക പ്രതിനിധി സംഘവും ഫോറത്തിൽ പങ്കെടുത്തു.
ഭക്ഷ്യ സംസ്‌കരണം, ഫാഷൻ, ഇലക്ട്രോണിക്സ്, ഐ.ടി., ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, നിർമ്മാണ മേഖല, ഊർജ്ജം, ക്‌ളീൻ എനർജി, ബയോ ടെക്നോളജി തുടങ്ങി വിവിധ രംഗങ്ങളിൽ മികച്ച നിക്ഷേപ പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് ഇരു രാജ്യങ്ങളിലെയും മുൻനിര കമ്പനികൾ കരാറുകളിൽ ഒപ്പുവച്ചു. നിലവിൽ ഇന്ത്യൻ കമ്പനികൾ അബൂദബിയിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നത് വഴി മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ വിപണികളിലേക്ക് പ്രവേശനം നേടാൻ കഴിയുന്നുണ്ടെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി ചൂണ്ടിക്കാട്ടി



