റിയാദ്: ഉയർന്ന അപകടസാധ്യതയുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സൗദി പുതിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഉൾപ്പെടുന്ന നിയമാവലി പുറത്തിറക്കി. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽറാജ്ഹിയാണ് നിയമാവലി പുറത്തിറക്കിയത്. രാജ്യത്തെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണിത്. ഇത്തരം ജോലികളെ പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തുക, ലൈസൻസിങ് ഉറപ്പാക്കുക, തൊഴിലാളികൾക്ക് ആവശ്യമായ ആരോഗ്യം, സാങ്കേതികം, അറിവ്, വൈദഗ്ധ്യം എന്നിവ ഉറപ്പുവരുത്തുക എന്നിവയാണ് പുതിയ നിയമാവലിയുടെ പ്രധാന ലക്ഷ്യങ്ങൾ.
തൊഴിലെടുക്കുന്നതിനിടയിൽ ഉണ്ടാകുന്ന പരിക്കുകളും തൊഴിൽജന്യ രോഗങ്ങളും കുറയ്ക്കുന്നതിന് പുതിയ നടപടി സഹായകമാകും. പൊതുമേഖല, സ്വകാര്യ മേഖല, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലെ സ്വദേശികളും വിദേശികളും ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ഈ നിയന്ത്രണം ബാധകമാണ്. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, പ്രതിരോധ നിരീക്ഷണം വർദ്ധിപ്പിക്കാനായി സമഗ്രമായ ആരോഗ്യ ഡാറ്റാബേസുകൾ സ്ഥാപിക്കാനും നിയമാവലിയിൽ വ്യവസ്ഥകളുണ്ട്.



