23.4 C
Saudi Arabia
Sunday, March 22, 2026
spot_img

മദീന ബസ് ദുരന്തം; മരണപ്പെട്ട മുഴുവൻ തീർഥാടകരെയും ജന്നത്തുൽ ബഖീഇൽ ഖബറടക്കി

മദീന: മദീനയിൽ ബസ് അപകടത്തിൽ മരണപ്പെട്ട ഉംറ തീർഥാടകരുടെയും ബസ് ഡ്രൈവറുടെയും മൃതദേഹങ്ങൾ മദീനയിലെ ജന്നത്തുൽ ബഖീഇൽ ഖബറടക്കി. തെലുങ്കാന സ്വദേശികളായ മുഴുവൻ തീർഥാടകരുടെയും സുഡാൻ സ്വദേശിയായ ബസ് ഡ്രൈവറുടെയും മയ്യിത്തുകളാണ് മസ്‌ജിദുന്നബവിക്ക് സമീപമുള്ള ജന്നത്തുൽ ബഖീഇൽ ഖബറടക്കിയത്.

മസ്‌ജിദുന്നബവിയിൽ ദുഹർ നിസ്‌കാരത്തിന് ശേഷം നടന്ന മയ്യത്ത് നിസ്‌കാരത്തിന് മദീന ഇമാം ശൈഖ് അബ്ദുൽ ബാരി അൽ ദുബൈത്തി നേതൃത്വം നൽകി. മയ്യത്ത് നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങുകളിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.

നവംബർ 16 ന് രാത്രിയിൽ ഉംറ നിർവഹിച്ച് മക്കയിൽ നിന്ന് മദീനയിലേക്ക് സന്ദർശനത്തിന് പോവുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയമരുകയായിരുന്നു. ബസ്സിൽ മുഴുവനും തെലുങ്കാന സ്വദേശികളായിരുന്നു ഉണ്ടായിരുന്നത്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണ്.

മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ ഡി.എൻ.എ. പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഖബറടക്കത്തിന് അനുമതി നൽകിയത്. സൗദി ഹജ്ജ് ഉംറ മന്ത്രാലയം, മദീനാ ഗവർണറേറ്റ്, ഇന്ത്യൻ എംബസി, വാഹന ഗതാഗത ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ ശ്രമഫലമായി ശനിയാഴ്ച രാവിലെ ഡി.എൻ.എ. റിപ്പോർട്ടുകൾ ലഭ്യമായി.

തെലങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘമാണ് മരണാനുബന്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മൃതദേഹങ്ങൾ ഏറ്റുവാങ്ങി ഖബറടക്കിയത്. കെ.എം.സി.സി, ഐ.സി.എഫ്., കെ.സി.എഫ്ഉ, വിഖായ, ഉൾപ്പെടെയുള്ള സാമൂഹ്യ സംഘടനകളും സഹായ സഹകരണങ്ങളുമായി രംഗത്തുണ്ടായിരുന്നു.

കെഎംസിസി വെൽഫെയർ കോർഡിനേറ്റർ ഷഫീഖ് മുവാറ്റുപുഴ, ഐസിഎഫ് പ്രവർത്തകരായ ജലീൽ ഇരിട്ടി, ബിഷർ പാപ്പിനിശേരി, മുഹമ്മദലി മാവൂർ, നൗഫൽ ഫാളിലി, കെസിഎഫ് വളണ്ടിയർ റസാഖ് ഉള്ളാളം, വിഖായ പ്രവർത്തകരായ അഷ്‌റഫ് തില്ലങ്കേരി, റാഷിദ് ദാരിമി തുടങ്ങി നിരവധി സാമൂഹിക പ്രവർത്തകരും സംസ്‌കരണത്തിൽ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles