കൽക്കത്ത: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആർ.) ജോലിയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് പശ്ചിമ ബംഗാളിൽ അധ്യാപിക ആത്മഹത്യ ചെയ്‌തു. നാദിയ ജില്ലയിൽ ബൂത്ത് ലെവൽ ഓഫീസറായി (ബി.എൽ.ഒ.) പ്രവർത്തിച്ചിരുന്ന റിങ്കു തരഫദാർ (54) ആണ് കൃഷ്‌ണനഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിശ്ചിത സമയത്തിനുള്ളിൽ എസ്.ഐ.ആർ. ജോലികൾ പൂർത്തിയാക്കാൻ കഴിയാത്തതിലുള്ള വലിയ സമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.
അമിതമായ ജോലിഭാരം കാരണം റിങ്കു കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകി. രണ്ട് ദിവസം മുൻപ് ജൽപൈഗുരി ജില്ലയിലും സമാനമായ കാരണത്താൽ ഒരു ബി.എൽ.ഒ. ജീവനൊടുക്കിയിരുന്നു. സംസ്ഥാനത്ത് തുടർച്ചയായി ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, നിലവിലുള്ള എസ്.ഐ.ആർ. നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു. എസ്.ഐ.ആർ. നടപടികൾ ആരംഭിച്ച ശേഷം ഇതുവരെ 28 പേർ ഭയം മൂലമോ അമിതമായ ജോലിഭാരം മൂലമോ മരിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.



