പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ കട്ടിലപ്പടിയിലെ സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിൻ്റെ ആറന്മുളയിലെ വീട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്തു. അർദ്ധരാത്രി വരെ നീണ്ട പരിശോധനയിൽ, പത്മകുമാറും കേസിലെ പ്രധാന പ്രതികളിലൊരാളായ ഉണ്ണികൃഷ്‌ണൻ പോറ്റിയും തമ്മിലുള്ള ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ ലഭിച്ചു.
2016 മുതലുള്ള പത്മകുമാറിൻ്റെ ആദായനികുതി വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പുകളാണ് കണ്ടെത്തിയത്. താൻ പ്രസിഡന്റ് ആകുന്നതിന് മുൻപ് തന്നെ പോറ്റിക്ക് ശബരിമലയിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. ഈ കേസിൽ, ഉണ്ണികൃഷ്‌ണൻ പോറ്റി, മുൻ ദേവസ്വം കമ്മിഷണർ എൻ. വാസു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ എന്നിവരടക്കം മറ്റ് പ്രതികളും നേരത്തെ അറസ്റ്റിലായിരുന്നു.



