കൊല്ലം: കൊല്ലം കരിക്കോട് അപ്പോളോ നഗറിൽ ഭാര്യയെ ഭർത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് സ്വദേശിനി കവിത (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മധുസൂദനൻ പിള്ളയെ (54) പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു ക്രൂരമായ സംഭവം. വീട്ടിലെ തർക്കത്തിനിടെ മധുസൂദനൻ പിള്ള ഗ്യാസ് കുറ്റി ഉപയോഗിച്ച് കവിതയുടെ തലക്ക് അടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
കൊലപാതക കാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും, കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും, കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.



