ന്യൂഡൽഹി: ഏതാണ്ട് 12,000 വർഷം നിദ്രയിലായിരുന്ന എത്യോപ്യയിലെ ഹെയ്‌ലി ഗബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ പുകപടലങ്ങൾ ഇന്ത്യൻ വ്യോമപാതകളിലും ഭീഷണിയുയർത്തുന്നു. മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വേഗതയിൽ യെമൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ കടന്ന് അറബിക്കടലിലൂടെ എത്തിയ ചാര മേഘങ്ങൾ ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് മേഖലകളിൽ വ്യാപിച്ചിരിക്കുകയാണ്.
ഇതിന്റെ ഫലമായി നെടുമ്പാശ്ശേരി (കൊച്ചി) വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഇന്നും തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ എയർ, ദുബായിലേക്കുള്ള ഇൻഡിഗോ സർവീസുകൾ നിർത്തിവച്ചിരുന്നു. സ്പൈസ് ജെറ്റിന്റെ ദുബായ് സർവീസ് ഇന്നത്തേക്ക് പുനഃക്രമീകരിക്കുകയും ചെയ്തു.
വിമാനങ്ങൾക്ക് യന്ത്രത്തകരാറുണ്ടാകാൻ സാധ്യതയുള്ളതിനാൽ ചാരം കലർന്ന മേഖലകൾ ഒഴിവാക്കാൻ ഡി.ജി.സി.എ. (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.



