റിയാദ്: വനിതകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പുതിയ നിയമനിർമാണങ്ങൾ നടത്തി സൗദി അറേബ്യ. ലോകമെമ്പാടുമുള്ള വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം (നവംബർ 25) ആചരിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ നിയമനിർമ്മാണം. സ്ത്രീകളുടെ അവകാശങ്ങൾ ശക്തിപ്പെടുത്താനും അതിക്രമങ്ങൾ തടയാനുമുള്ള തങ്ങളുടെ ശ്രമങ്ങൾ സൗദി അറേബ്യ എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിനായി നിരവധി നിയമനിർമാണങ്ങളും സംരക്ഷണ സംവിധാനങ്ങളും സഹായ സേവനങ്ങളും സൗദി നടപ്പാക്കിയിട്ടുണ്ട്.
പ്രധാന ദേശീയ പരിഷ്കാരങ്ങളിൽ ‘അതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം’ (Law on Protection from Abuse), ‘പീഡന വിരുദ്ധ നിയമം’ (Anti-Harassment Law) എന്നിവ ഉൾപ്പെടുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (Ministry of Human Resources and Social Development) നടത്തുന്ന ഫാമിലി പ്രൊട്ടക്ഷൻ സെൻ്റർ വഴി അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിലും, അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ഷെൽട്ടറുകളും മാനസിക, സാമൂഹിക പിന്തുണയും നൽകുന്നതിലും മന്ത്രാലയം സജീവമായി ഇടപെടുന്നുണ്ട്.
സ്ത്രീകളെ സംരക്ഷിക്കുകയെന്നാൽ സമൂഹത്തെ മൊത്തത്തിൽ സംരക്ഷിക്കുക എന്ന അടിസ്ഥാന തത്വമാണ് രാജ്യം ഉൾക്കൊള്ളുന്നത്. മനുഷ്യാവകാശ കമ്മീഷനും (Human Rights Commission) നാഷണൽ ഫാമിലി സേഫ്റ്റി പ്രോഗ്രാമും ബോധവൽക്കരണ കാമ്പയിനുകൾ തുടരുകയാണ്. സർക്കാർ ഏജൻസികളെ കൂടാതെ കുടുംബങ്ങൾ, സ്‌കൂളുകൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ ഒരു സുരക്ഷിത അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയാണ് പുതിയ നിയമങ്ങൾ.



