ന്യൂഡൽഹി: 2030ൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം വാർഷിക പതിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഗുജറാത്തിലെ അഹമ്മദാബാദിനെയാണ് ഔദ്യോഗിക ആതിഥേയ നഗരമായി പ്രഖ്യാപിച്ചത്.
ഗ്ലാസ്‌ഗോയിൽ ചേർന്ന കോമൺവെൽത്ത് സ്‌പോർട്‌സിന്റെ ജനറൽ അസംബ്ലിയിലാണ് 74 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഇന്ത്യയുടെ ബിഡിന് അംഗീകാരം നൽകിയത്. നൈജീരിയൻ നഗരമായ അബൂജയുമായി മത്സരരംഗത്തുണ്ടായിരുന്ന ഇന്ത്യയുടെ പേര്, എക്‌സിക്യൂട്ടീവ് ബോർഡ് നേരത്തെ തന്നെ ശുപാർശ ചെയ്തിരുന്നു.
2010-ൽ ന്യൂഡൽഹിയിൽ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച ശേഷം, രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ഈ അന്താരാഷ്ട്ര കായികമേള വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നത്.
വലുപ്പവും, യുവത്വവും, സമ്പന്നമായ സംസ്കാരവും, കായിക അഭിനിവേശവും ഇന്ത്യ ഗെയിംസിലേക്ക് കൊണ്ടുവരുമെന്ന് കോമൺവെൽത്ത് സ്പോർട്ട് പ്രസിഡൻ്റ് ഡോ. ഡൊണാൾഡ് റുക്കരെ അഭിപ്രായപ്പെട്ടു.
2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഈ തീരുമാനം, 2036-ലെ ഒളിമ്പിക്‌സിന് വേദിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് പകരും. കഴിഞ്ഞ കുറേ വർഷങ്ങളായി അഹമ്മദാബാദ് കായിക അടിസ്ഥാന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിച്ചിട്ടുണ്ട്.
തീരുമാനം ഇന്ത്യക്ക് അഭിമാന നിമിഷമാണെന്നും, കോമൺവെൽത്ത് സ്പോർട്ട് ഇന്ത്യയിൽ അർപ്പിച്ച വിശ്വാസത്തിൻ്റെ പ്രതിഫലനമാണിതെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി. ഉഷ പ്രതികരിച്ചു.
2030-ലെ ഗെയിംസിൽ 15 മുതൽ 17 വരെ കായിക ഇനങ്ങൾ ഉൾപ്പെടുത്തും. ഇതിൻ്റെ പൂർണ്ണമായ പട്ടിക അടുത്ത വർഷം പ്രഖ്യാപിക്കും.



