തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്കായി പഞ്ചായത്തുകളും നഗരസഭകളും വഴി അപേക്ഷകൾ സ്വീകരിക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷണ സെൽ വിലക്കി. തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാലാണ് നടപടി.
പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കുന്ന ഈ പദ്ധതിയുടെ അപേക്ഷാ സ്വീകരണം രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മിഷന് വ്യാപകമായി പരാതികൾ ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആനുകൂല്യങ്ങൾക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പാടില്ലെന്ന ചട്ടമാണ് വിലക്കിന് ആധാരം.
ഒക്ടോബർ 29-ന് പ്രഖ്യാപിച്ച പദ്ധതിയുടെ വിശദമായ മാർഗ്ഗരേഖ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നവംബർ 10-ന് ശേഷമാണ് പുറത്തിറങ്ങിയതെന്നതും വിലക്ക് ഏർപ്പെടുത്താൻ കാരണമായി.



