മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയുമായി സി.പി.എമ്മിന് ഒരു സഹകരണവും ഉണ്ടായിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. മുൻകാല തെരഞ്ഞെടുപ്പുകളിൽ സി.പി.എം-ജമാഅത്ത് ബന്ധം മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി വീണ്ടും സ്ഥിരീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് മലപ്പുറം പ്രസ് ക്ലബിന്റെ ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ആരു പറഞ്ഞാലും ശരി, ജമാഅത്തെ ഇസ്‌ലാമിയുമായി ഞങ്ങൾക്ക് ഒരു സഹകരണവും ഉണ്ടായിട്ടില്ല. ഇന്ന സ്ഥലത്ത് ഇന്നയാളെ പിന്തുണക്കുമെന്ന് അവർ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നതിന് ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടോ?” എന്നും ഗോവിന്ദൻ ചോദിച്ചു. അതേസമയം, കോൺഗ്രസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് മുൻകാലങ്ങളിൽ സഹകരിച്ചതെന്ന് പാലോളി മുഹമ്മദ് കുട്ടി നേരത്തെ പറഞ്ഞിരുന്നു.



