തിരുവനന്തപുരം: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ജാമ്യം അനുവദിച്ച വിധിക്കെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം ഉടൻ റദ്ദാക്കി രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്ന് അപ്പീലിൽ സർക്കാർ ആവശ്യപ്പെടുന്നു.
കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയിൽ ഇല്ലാത്ത പല കാര്യങ്ങളും പെൺകുട്ടിയുടെ മൊഴിയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് ജാമ്യം നൽകിയ വിധിയിൽ ചൂണ്ടിക്കാട്ടിയത്. ഈ വിധിപ്പകർപ്പ് പുറത്തുവന്നതോടെ കേസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും രാഹുലിന്റെ തുടർന്നുള്ള നിയമനടപടികളിൽ ഇത് പ്രധാന വാദമായി ഉയർന്നു വരാൻ സാധ്യതയുണ്ടെന്നും സർക്കാർ വിലയിരുത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ പതിനഞ്ചാം ദിവസവും ഒളിവിലാണ്.



