തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എമ്മിൽ പൊട്ടിത്തെറി. സി.പി.എം. കൗൺസിലറും പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബുവിന്റെ മകളുമായ ഗായത്രി ബാബു നിലവിലെ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ആര്യാ രാജേന്ദ്രന്റെ പേര് പറയാതെ പരോക്ഷമായി ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം.
‘പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം’, ‘അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം’, ‘കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം’ എന്നിവയൊക്കെയാണ് തിരിച്ചടിക്ക് കാരണമായി ഗായത്രി ചൂണ്ടിക്കാട്ടിയത്. ജനങ്ങളുമായി ഇഴുകിച്ചേർന്ന് പ്രവർത്തിക്കുന്നതിലെ മുൻ മേയർമാരുടെ ജനകീയത ഇല്ലാതാക്കിയതാണ് കോർപ്പറേഷനിലെ തോൽവിക്ക് പ്രധാന കാരണമെന്നും അവർ വിമർശിച്ചു.
വിവാദമായതോടെ ഗായത്രി ബാബു ഈ ഫേസ്ബുക്ക് കുറിപ്പ് പിന്നീട് പിൻവലിച്ചു. 2020-ലെ തെരഞ്ഞെടുപ്പിൽ വഞ്ചിയൂർ വാർഡിൽ നിന്നുള്ള കൗൺസിലറായിരുന്നു ഗായത്രി ബാബു. ഈ തെരഞ്ഞെടുപ്പിൽ വഞ്ചിയൂർ വാർഡിൽ ഗായത്രി ബാബു വിജയിച്ചിട്ടുണ്ട്.



