തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണക്കോടതി വിധിക്ക് ശേഷം ശക്തമായ പ്രതികരണവുമായി അതിജീവിത സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. തനിക്ക് നേരിടേണ്ടി വന്ന വേദനകളെ നുണയെന്നും കേസ് കെട്ടിച്ചമച്ച കഥയെന്നും പറഞ്ഞ് പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നുവെന്ന് അവർ കുറിച്ചു. “ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ എനിക്കിതിൽ അദ്ഭുതമില്ല,” എന്ന് പ്രതികരിച്ച അതിജീവിത,
2020 അവസാനത്തോടെ തന്നെ ചില അന്യായമായ നീക്കങ്ങൾ ബോധ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തി. കുറ്റാരോപിതരിൽ ഒരാളിലേക്ക് അടുക്കുമ്പോൾ കേസ് കൈകാര്യം ചെയ്യുന്ന രീതി മാറിയെന്നും, ഈ കോടതിയിൽ വിശ്വാസമില്ലെന്ന് പലതവണ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിട്ടും ജഡ്ജിയെ മാറ്റാനുള്ള ഹർജികൾ നിഷേധിക്കപ്പെടുകയായിരുന്നു എന്നും അവർ ആരോപിച്ചു.
ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ് കോടതി കസ്റ്റഡിയിലിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നു എന്നും, പ്രോസിക്യൂഷനോട് ശത്രുതാപരമായ സമീപനം ആരോപിച്ച് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ച കാര്യവും അവർ എടുത്തുപറഞ്ഞു. നിരന്തരമായ വേദനകൾക്കൊടുവിൽ, ‘നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’ എന്ന തിരിച്ചറിവ് നൽകിയതിന് നന്ദിയുണ്ട്.
എന്നാൽ നീതിബോധമുള്ള ന്യായാധിപന്മാർ ഉണ്ടാകുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നതായും അതിജീവിത കൂട്ടിച്ചേർത്തു. കൂടാതെ, ഒന്നാം പ്രതി തന്റെ പേഴ്സണൽ ഡ്രൈവറായിരുന്നു എന്ന പ്രചരണം ശുദ്ധമായ നുണയാണെന്നും അവർ വ്യക്തമാക്കി.



