ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇ വി എം) സംബന്ധിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ചുമുള്ള ആരോപണങ്ങൾ ശക്തമാക്കി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തിൽ ഡൽഹിയിൽ ‘വോട്ട് ചോരി’ റാലി സംഘടിപ്പിച്ചു. ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി നടന്ന റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ഇവിഎം സംവിധാനത്തിൽ വിശ്വാസമില്ലെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാൻ ബാലറ്റ് പേപ്പറിലേക്ക് മടങ്ങാൻ ബി.ജെ.പി.യെ കോൺഗ്രസ്സ് പരസ്യമായി വെല്ലുവിളിച്ചു. ബാലറ്റ് പേപ്പർ ഉപയോഗിച്ച് മത്സരിച്ചാൽ ബി.ജെ.പി.ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ നിഷ്പക്ഷമായി പ്രവർത്തിക്കുന്നില്ലെന്നും, ബി.ജെ.പി.യുടെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നു എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
25 ലക്ഷം വോട്ടുകൾ മോഷണം പോയെന്ന കോൺഗ്രസ്സിന്റെ മുൻ ആരോപണങ്ങൾ ആവർത്തിച്ച നേതാക്കൾ, ഇത് രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണെന്ന് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളേക്കാൾ വലുത് ‘തൻ്റെ കുടുംബ’മാണെന്നും, ഇന്ത്യയുടെ ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും റാലിയിൽ വിമർശനം ഉയർന്നു.
റാലിക്ക് ശേഷം പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി കമ്മീഷണർക്ക് പരാതി നൽകാനും ശ്രമിച്ചിരുന്നു. ഇവിഎം വിവാദം പൊതുസമൂഹത്തിലും രാഷ്ട്രീയ മണ്ഡലത്തിലും കൂടുതൽ സജീവ ചർച്ചയാക്കാൻ കോൺഗ്രസ് ലക്ഷ്യമിടുന്നുവെന്നാണ് മനസ്സിലാകുന്നത്.



