ഷിംല: ഹിമാചൽപ്രദേശിലെ ഷിംലയിൽ സ്ഥിതി ചെയ്യുന്ന സഞ്ജൗലി മസ്ജിദ് നിയമവിരുദ്ധമായി നിർമിച്ചതാണെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകൾ പള്ളി തകർക്കാൻ നീക്കം നടത്തുന്നു. അഞ്ചുനിലയുള്ള പള്ളിയുടെ മുകളിലത്തെ മൂന്ന് നിലകൾ ഈ മാസം 29-ന് മുമ്പ് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ ഷിംല മുനിസിപ്പൽ കോർപ്പറേഷന് നിവേദനം നൽകി.
സമയപരിധിക്കുള്ളിൽ ഭരണകൂടം ഇടപെടണം. പള്ളി കമ്മിറ്റിക്കോ വഖഫ് ബോർഡിനോ പൊളിച്ചുനീക്കാൻ സാധിച്ചില്ലെങ്കിൽ തങ്ങൾ തന്നെ പള്ളി തകർക്കുമെന്ന് ഹിന്ദു സംഘർഷ് സമിതി അംഗം മദൻ താക്കൂർ ഭീഷണി മുഴക്കി. മുനിസിപ്പൽ കോർപ്പറേഷന് തൊഴിലാളികളില്ലെങ്കിൽ തങ്ങളുടെ സന്നദ്ധപ്രവർത്തകർ സൗജന്യമായി പള്ളി പൊളിച്ചുനീക്കാൻ തയ്യാറാണെന്നും മറ്റൊരു ഹിന്ദുത്വ സംഘടനാ നേതാവ് വിജയ് ശർമ്മ അറിയിച്ചു.
നിലവിൽ ഈ കേസ് ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. മേൽനിലകളിൽ നിയമപരമായ നടപടി സ്വീകരിക്കാമെന്നും താഴെയുള്ള രണ്ട് നിലകൾക്ക് തൽസ്ഥിതി തുടരാമെന്നുമാണ് കോടതി നിലപാടെടുത്തത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വിഷയം തെരുവിലേക്ക് വലിച്ചിഴച്ച് വർഗീയ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഹിന്ദുത്വ സംഘടനകളെന്ന് മുസ്ലിം സംഘടനകൾ ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിലേക്ക് ജുമുഅക്കായി എത്തിയ വിശ്വാസികളെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ തടഞ്ഞതായും റിപ്പോർട്ടുണ്ട്.



