അലിഗഡ്: ഉത്തർപ്രദേശിലെ പ്രശസ്തമായ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി (AMU) കാമ്പസിനുള്ളിൽ അധ്യാപകൻ വെടിയേറ്റു മരിച്ചു. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എ.ബി.കെ സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകൻ റാവു ഡാനിഷ് അലിയാണ് (43) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ കാമ്പസിലെ മൗലാനാ ആസാദ് ലൈബ്രറിക്ക് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കാമ്പസിൽ നടക്കാനിറങ്ങിയ ഡാനിഷിനെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ തടഞ്ഞുനിർത്തുകയും തലയ്ക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു. വെടിയുതിർക്കുന്നതിന് തൊട്ടുമുൻപ്, “ഡാനിഷ്, നിനക്ക് ഞാനാരെന്നറിയില്ല, ഇനിയറിയും” എന്ന് അക്രമി ആക്രോശിച്ചതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡാനിഷിനെ ഉടൻ തന്നെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമികൾ നാലഞ്ചു തവണ വെടിയുതിർത്തതായാണ് വിവരം. സംഭവം നടന്നയുടൻ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. കാമ്പസിനുള്ളിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ ഈ കൊലപാതകം വിദ്യാർത്ഥികൾക്കിടയിലും ജീവനക്കാർക്കിടയിലും വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണോ അതോ മറ്റ് കാരണങ്ങളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ തിരിച്ചറിയുന്നതിനായി കാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. മുൻ ഉത്തർപ്രദേശ് എം.എൽ.എയുടെ മരുമകൻ കൂടിയാണ് കൊല്ലപ്പെട്ട ഡാനിഷ് അലി.



