തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ മൊഴി പുറത്ത്. മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ വിശ്വസിച്ച്, രേഖകൾ വായിച്ചു നോക്കാതെയാണ് താൻ ഒപ്പിട്ടതെന്ന് വിജയകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകി. താൻ നിരപരാധിയാണെന്നും “സഖാവ്” (പത്മകുമാർ) ആവശ്യപ്പെട്ടതനുസരിച്ചാണ് കാര്യങ്ങൾ ചെയ്തതെന്നും അദ്ദേഹം അവകാശപ്പെടുന്നു. സ്വർണ്ണപ്പാളികൾ മാറ്റുന്നത് ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ പത്മകുമാറാണ് ബോർഡിൽ അവതരിപ്പിച്ചതെന്നും അന്ന് നിലനിന്നിരുന്ന രീതി അനുസരിച്ച് പ്രസിഡന്റ് പറയുന്നതിനെ വിശ്വസിക്കുകയായിരുന്നുവെന്നും വിജയകുമാർ പറഞ്ഞു.
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി ബോധപൂർവ്വം വീഴ്ച വരുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദേവസ്വം മാനുവലിൽ മാറ്റം വരുത്തിയതിലും സ്വർണ്ണപ്പാളികൾ കടത്തിയതിലും പത്മകുമാറിനും വിജയകുമാറിനും കെ.പി. ശങ്കരദാസിനും പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പത്മകുമാറിന് ഒത്താശ ചെയ്തതിലൂടെ മറ്റുള്ളവർ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടിരുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു. വിജയകുമാറിനെ ജനുവരി 12 വരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. അടുത്ത ഘട്ടമായി മറ്റൊരു മുൻ അംഗമായ ശങ്കരദാസിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.



