മക്ക: ഉംറ തീർഥാടകർക്ക് വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ സൗദിയിലെ ഒരു ഉംറ കമ്പനിക്കെതിരെയും വിദേശ ഏജന്റിനെതിരെയും ഹജ്ജ്-ഉംറ മന്ത്രാലയം കർശന നടപടി സ്വീകരിച്ചു. തീർഥാടടകർക്ക് താമസസൗകര്യം ഒരുക്കുന്നതിലും ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലും പരാതി ഉയർന്നതിനെത്തുടർന്നാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.
കരാർ പ്രകാരമുള്ള സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ ഉംറ കമ്പനിയുടെ ലൈസൻസ് മന്ത്രാലയം താൽക്കാലികമായി റദ്ദാക്കുകയും വൻതുക പിഴ ചുമത്തുകയും ചെയ്തു. കൂടാതെ, തീർഥാടകരെ എത്തിച്ച വിദേശ ഏജന്റിനെ ഭാവിയിൽ ഉംറ വിസകൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.
തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സുരക്ഷിതവും സുഗമവുമായ തീർഥാടനം ഉറപ്പാക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. പരാതി ലഭിച്ച ഉടൻ തന്നെ മന്ത്രാലയത്തിന്റെ നിരീക്ഷണ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയും തീർഥാടകർക്ക് ബദൽ താമസസൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തു.
ഉംറ കമ്പനികൾ തീർഥാടകരുമായി ഉണ്ടാക്കുന്ന കരാറുകൾ കൃത്യമായി പാലിക്കണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീർഥാടകർക്ക് തങ്ങളുടെ പരാതികൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പിലൂടെയോ ടോൾ ഫ്രീ നമ്പറിലൂടെയോ അറിയിക്കാവുന്നതാണ്



