28.1 C
Saudi Arabia
Sunday, March 22, 2026
spot_img

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു; അമ്മക്കും മകനും ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ പനമ്പറ്റക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. പടിഞ്ഞാറ്റുമുറി സ്വദേശിനി സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. സിബിനയും മൂന്ന് മക്കളും ഒരു ബന്ധുവും ഉൾപ്പെടെ അഞ്ചംഗ സംഘമാണ് പുഴയിൽ കുളിക്കാനായി ഇറങ്ങിയത്. കുളിക്കുന്നതിനിടെ അഞ്ചുപേരും പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പുഴയിൽ ചാടി മൂന്നുപേരെ സുരക്ഷിതമായി കരക്കടുപ്പിച്ചു. എന്നാൽ ഒഴുക്കിൽപ്പെട്ട സിബിനയെയും സിയാനെയും രക്ഷിക്കാനായില്ല. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഇരുവരെയും വെള്ളത്തിനടിയിൽ നിന്ന് പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിനോദയാത്രയുടെ ഭാഗമായി പുഴയിലിറങ്ങിയ കുടുംബത്തിനുണ്ടായ ഈ ദുരന്തം പ്രദേശത്തെയാകെ സങ്കടത്തിലാഴ്ത്തി.

Related Articles

- Advertisement -spot_img

Latest Articles