കോഴിക്കോട്: മലബാറിലെ വിവിധ ജില്ലകളിൽ എസ്.എൻ.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി ലഭിക്കുന്നില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിന് രൂക്ഷമായ മറുപടിയുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. വെള്ളാപ്പള്ളിയെ കാറിൽ കൂടെയിരുത്തി കൊണ്ടുനടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ഒമ്പതര വർഷമായി കേരളം ഭരിക്കുന്നതെന്ന് ബൽറാം ഓർമ്മിപ്പിച്ചു. വെള്ളാപ്പള്ളിയുടെ സംഘടനയുടെ ന്യായമായ ആവശ്യങ്ങൾ പോലും ഇത്രയും കാലമായിട്ടും പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിൽ അതിന് മറുപടി പറയേണ്ടത് സർക്കാരും സി.പി.എമ്മും മുഖ്യമന്ത്രിയുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിൽ സാമൂഹിക നീതിയും പ്രാദേശിക സന്തുലനവും ഉറപ്പുവരുത്താൻ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളുടെ ജില്ല തിരിച്ചുള്ള പട്ടിക പുറത്തുവിടണമെന്ന് ബൽറാം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാങ്ങിയെടുക്കുന്നത് സാമൂഹിക ഉന്നമനത്തിനാകണം, അല്ലാതെ കോഴ വാങ്ങി നിയമനം നടത്താനാവരുത്. നിലവിലുള്ള സ്ഥാപനങ്ങളിൽ മെറിറ്റും സുതാര്യതയും ഉറപ്പാക്കി മാതൃക കാട്ടാൻ വെള്ളാപ്പള്ളി തയ്യാറായാൽ അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കൊപ്പം കേരളം മുഴുവൻ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം വർക്കലയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മലപ്പുറം അടക്കമുള്ള ജില്ലകളിൽ വിവേചനം നേരിടുന്നുവെന്ന ആരോപണം വെള്ളാപ്പള്ളി ആവർത്തിച്ചത്.



