തബൂക്ക്: ആർ.എസ്.സി (രിസാല സ്റ്റഡി സർക്കിൾ) കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ പതിനഞ്ചാമത് എഡിഷൻ സാഹിത്യോത്സവ് തബൂക്കിൽ സംഘടിപ്പിച്ചു. 2026 ജനുവരി 2 വെള്ളിയാഴ്ച നടന്ന സാഹിത്യോത്സവത്തിൽ വിവിധ ഇനങ്ങളിലായി വിദ്യാർഥികൾ ആവേശകരമായി മാറ്റുരച്ചു. മത്സരങ്ങളിൽ മുറൂജ് സെക്ടർ ജേതാക്കളായപ്പോൾ ശാരലാം സെക്ടർ രണ്ടാം സ്ഥാനം നേടി.
“വേരിറങ്ങിയ വിത്തുകൾ” എന്ന പ്രമേയത്തിൽ നടന്ന സാംസ്കാരിക സംഗമം സാഹിത്യപ്രേമികൾക്ക് നവാനുഭവമായി. സാഹിത്യോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തബൂക്കിലെ പ്രശസ്ത എഴുത്തുകാരനായ ഇസ്മായിൽ പുള്ളാട്ട് നിർവഹിച്ചു. പ്രവാസി യുവതലമുറയെ സാംസ്കാരികവും സാഹിത്യപരവുമായ ബോധത്തിലേക്ക് നയിക്കുന്നതിൽ സാഹിത്യോത്സവങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച എഴുത്തുകാരൻ ഇസ്മായിൽ പുള്ളാട്ട് അഭിപ്രായപ്പെട്ടു. പ്രമേയത്തെ ആസ്പദമാക്കി അബ്ദുറഹ്മാൻ കുറ്റിപ്പുറം പ്രഭാഷണം നടത്തി.
തബൂക്കിലെ വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ഐസിഎഫ് പ്രതിനിധി അബൂബക്കർ സഖാഫി കാരാട്, ആഷിക് മാട്ടിൽ -കെഎംസിസി, അബ്ദുറഹീം- മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവീസ്, മുഹമ്മദ് അലി-കെ സി എഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഷൗക്കത്ത് മാസ്റ്റർ പാങ്ങ്, ഉബൈസ്, അബൂബക്കർ സഖാഫി മഞ്ചേശ്വരം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ഐസിഎഫ് തബൂക്ക് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മുസ്ലിയാർ മൊഴിയൂർ സാംസ്കാരിക സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഐസിഎഫ് മദീന ചാപ്റ്റർ പ്രസിഡണ്ട് ഷാഹുൽ ഹമീദ് സഅദി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സാഹിത്യോത്സവ് സ്വാഗതസംഘം കമ്മിറ്റി കൺവീനർ മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹസ്സൻ തിരുവനന്തപുരം നന്ദി അറിയിച്ചു.



