തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന രാഷ്ട്രീയ നിരീക്ഷകൻ റെജി ലൂക്കോസ് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. പഴയതും ദ്രവിച്ചതുമായ ആശയങ്ങളുമായി മുന്നോട്ടുപോയാൽ കേരളം വെറുമൊരു വൃദ്ധസദനമായി മാറുമെന്ന് അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ദേശീയ നേതൃത്വം മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാടുകളും ആശയങ്ങളും തന്നെ ഏറെക്കാലമായി സ്വാധീനിക്കുന്നുണ്ടെന്നും വരുംകാലങ്ങളിൽ ബിജെപിയുടെ ആശയങ്ങൾക്കായി ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദീർഘകാലം എൽഡിഎഫ് സഹയാത്രികനായിരുന്ന റെജി ലൂക്കോസിന്റെ ഈ മാറ്റം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയോടുള്ള താല്പര്യമാണ് തന്നെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ റെജി ലൂക്കോസിന്റെ കടന്നുവരവ് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.



