ന്യൂഡൽഹി: ജമ്മു കശ്മീർ കത്രയിലെ ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ അംഗീകാരം നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) റദ്ദാക്കി. കോളേജിലെ ആദ്യ ബാച്ചിൽ പ്രവേശനം നേടിയവരിൽ ഭൂരിഭാഗവും മുസ്‍ലിം വിദ്യാർഥികളായതിനെതിരെ ഹിന്ദുത്വ സംഘടനകളും ബി.ജെ.പിയും പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഈ നടപടിയെന്ന് അധ്യാപകരും വിദ്യാർഥികളും ആരോപിക്കുന്നു.
നീറ്റ് (NEET) സ്‌കോറിന്റെ അടിസ്ഥാനത്തിൽ നടന്ന അലോട്ട്‌മെന്റിൽ 50 സീറ്റുകളിൽ 42 എണ്ണത്തിലും മുസ്‍ലിം വിദ്യാർഥികളാണ് പ്രവേശനം നേടിയത്. ഇതിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെയാണ് മെഡിക്കൽ കമ്മീഷന്റെ മിന്നൽ പരിശോധന നടന്നതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാട്ടി അംഗീകാരം പിൻവലിച്ചതും.
കശ്മീരിൽ നിന്നുള്ള 42 മുസ്‍ലിം വിദ്യാർഥികൾക്ക് പുറമെ ഏഴ് ഹിന്ദു വിദ്യാർഥികളും ഒരു സിഖ് വിദ്യാർഥിയുമാണ് ഈ ബാച്ചിലുണ്ടായിരുന്നത്. അംഗീകാരം റദ്ദാക്കിയെങ്കിലും നിലവിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഭാവി അവതാളത്തിലാകില്ലെന്നും അവരെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.
എന്നാൽ, അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ മതം നോക്കി കോളേജിന്റെ അംഗീകാരം ഇല്ലാതാക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന വിമർശനം ശക്തമാണ്. ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടിയ ഈ വിഷയം മെഡിക്കൽ പ്രവേശന പ്രക്രിയയിലെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.



