കോഴിക്കോട്: കേരളം ഏറെ പണിപ്പെട്ട് മറക്കാൻ ശ്രമിക്കുന്ന മാറാട് കലാപം പോലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി വീണ്ടും ഓർമ്മിപ്പിക്കരുതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. മാറാട് കലാപത്തെക്കുറിച്ചുള്ള സി.പി.എം നേതാവ് എ.കെ. ബാലന്റെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന കേരളത്തിൽ പഴയ മുറിവുകൾ കുത്തിത്തുറക്കുന്നത് സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നന്മയും സാഹോദര്യവും നിലനിർത്തേണ്ട ഘട്ടത്തിൽ അനാവശ്യമായ ഇത്തരം രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർഗീയതയ്ക്കും വിദ്വേഷത്തിനും കേരളത്തിൽ സ്ഥാനമില്ലെന്നും എല്ലാ വിഭാഗം ജനങ്ങളും ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും കാന്തപുരം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സമുദായങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. നാടിന്റെ സമാധാനം കെടുത്തുന്ന ഇത്തരം ചർച്ചകൾക്ക് പകരം ജനങ്ങളുടെ പുരോഗതിക്കും ഒത്തൊരുമയ്ക്കും വേണ്ടിയുള്ള നിലപാടുകളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.



