പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. എം.എൽ.എയെ കോടതിയിൽ ഹാജരാക്കിയ വേളയിലാണ് അന്വേഷണ സംഘം അതീവ ഗുരുതരമായ കണ്ടെത്തലുകൾ കോടതിയെ അറിയിച്ചത്. രാഹുലിന് ജാമ്യം അനുവദിച്ചാൽ അത് പരാതിക്കാരിയായ യുവതിയുടെ സുരക്ഷയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ മൂന്ന് ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ, തന്റെ പദവി ദുരുപയോഗം ചെയ്താണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നതെന്നും പോലീസ് ആരോപിച്ചു.
പരാതിക്കാരിയുടെ സ്വകാര്യ വീഡിയോകൾ കൈവശമുണ്ടെന്ന് കാണിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോർട്ടിലുണ്ട്. വിദേശത്ത് കഴിയുന്ന യുവതിയെ നാട്ടിലെത്തിച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തതായാണ് മൊഴി. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ ശേഖരിക്കേണ്ടതുണ്ടെന്നും പ്രതിയുടെ ഫോൺ ഉൾപ്പെടെയുള്ളവ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. രാഹുലിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചത്.



