പത്തനംതിട്ട: സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച കോടതി, ഈ മാസം 15-ന് വൈകുന്നേരം വരെയാണ് കസ്റ്റഡി അനുവദിച്ചത്. നിലവിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന രാഹുലിനെ രാവിലെ 11 മണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
പ്രതിയെ കസ്റ്റഡിയിൽ കിട്ടിയതോടെ തെളിവെടുപ്പ് നടപടികൾ പോലീസ് ഊർജിതമാക്കും. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന പത്തനംതിട്ടയിലെ ഹോട്ടലിൽ എത്തിച്ച് ആദ്യഘട്ടത്തിൽ തെളിവെടുപ്പ് നടത്തും. അതിജീവിതയുടെ ദൃശ്യങ്ങൾ പകർത്തിയതായി സംശയിക്കുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിനായി രാഹുലിനെ അടൂരിലും പാലക്കാടും എത്തിച്ച് പരിശോധന നടത്തിയേക്കും. അതേസമയം, രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഈ മാസം 16-ലേക്ക് മാറ്റി. കസ്റ്റഡി കാലാവധി പൂർത്തിയാക്കി 15-ന് ഹാജരാക്കിയ ശേഷമാകും ജാമ്യത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.



