റിയാദ്: രാജ്യത്തെ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന്റെയും ട്രെയിൻ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി സൗദി അറേബ്യ റെയിൽവേ 10 പുതിയ പാസഞ്ചർ ട്രെയിനുകൾ വാങ്ങുന്നതിനായി ടെൻഡർ ക്ഷണിച്ചു. സൗദി വിഷൻ 2030-ന്റെയും നാഷണൽ ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് സ്ട്രാറ്റജിയുടെയും ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ നീക്കം. വടക്കൻ റെയിൽവേ ശൃംഖലയുടെ പ്രവർത്തന ശേഷി ഏകദേശം മൂന്നിരട്ടിയായി വർദ്ധിപ്പിക്കാനും പ്രതിവർഷം 24 ലക്ഷത്തിലധികം പേർക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് സൗദി റെയിൽവേ സി.ഇ.ഒ ബാഷർ അൽ മാലിക് വ്യക്തമാക്കി.
റിയാദ്, അൽ-മജ്മഅ, ഖസീം, ഹാഇൽ, ജൗഫ്, അൽ-ഖുറയ്യാത്ത് എന്നീ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന വടക്കൻ റൂട്ടിലായിരിക്കും ഈ ട്രെയിനുകൾ സർവീസ് നടത്തുക. കൂടാതെ, അൽ-സുൽഫി ഉൾപ്പെടെയുള്ള പുതിയ സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ശൃംഖല വിപുലീകരിക്കാനും പദ്ധതിയുണ്ട്. ട്രെയിനുകളുടെ രൂപകൽപ്പന, നിർമ്മാണം, വിതരണം, ദീർഘകാല അറ്റകുറ്റപ്പണികൾ എന്നിവയാണ് ടെൻഡറിൽ ഉൾപ്പെടുന്നത്. താല്പര്യമുള്ള കമ്പനികൾക്ക് 2026 മെയ് 11 വരെ ബിഡ്ഡുകൾ സമർപ്പിക്കാം. കിഴക്കൻ റൂട്ടിലേക്കായി നിലവിൽ നിർമ്മാണത്തിലിരിക്കുന്ന 10 ട്രെയിനുകൾക്ക് പുറമെയാണ് ഈ പുതിയ പദ്ധതി.



