18.8 C
Saudi Arabia
Wednesday, February 25, 2026
spot_img

പയ്യന്നൂർ ഫണ്ട് വിവാദം: വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സി.പി.എം; നിർണ്ണായക യോഗം ഇന്ന്

കണ്ണൂർ: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ പാർട്ടി കടുത്ത നടപടിയിലേക്ക്. കുഞ്ഞികൃഷ്ണനെ പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പാർട്ടിയുടെ അച്ചടക്കം ലംഘിച്ച് ഫണ്ട് വെട്ടിപ്പ് ആരോപണം വീണ്ടും പരസ്യമായി ഉന്നയിച്ചതും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതുമാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കുഞ്ഞികൃഷ്ണനെ കൂടാതെ ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച മറ്റ് നേതാക്കൾക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.

രക്തസാക്ഷി ധനരാജ് ഫണ്ട് ഉൾപ്പെടെയുള്ളവയിൽ വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ നേരത്തെ ടി.ഐ. മധുസൂദനൻ എം.എൽ.എയ്ക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തതും നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിപ്പിക്കാൻ നീക്കം നടക്കുന്നതുമാണ് കുഞ്ഞികൃഷ്ണനെ പ്രകോപിപ്പിച്ചത്. പയ്യന്നൂരിലെ പാർട്ടിയിൽ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ, വിമത പ്രവർത്തനങ്ങളെ അടിച്ചമർത്താനാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന നേതൃത്വവുമായും ചർച്ച ചെയ്ത ശേഷമാണ് കുഞ്ഞികൃഷ്ണനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ നേതൃത്വം തീരുമാനിച്ചത്. പയ്യന്നൂരിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വിമത വിജയത്തിന് പിന്നിലും കുഞ്ഞികൃഷ്ണന്റെ പങ്കുണ്ടെന്ന് പാർട്ടി കരുതുന്നു.

 

Related Articles

- Advertisement -spot_img

Latest Articles