ഇന്ത്യ-ഇ.യു വ്യാപാര കരാർ ഉടൻ; അമേരിക്കൻ സമ്മർദ്ദങ്ങളെ തള്ളി യൂറോപ്പ്

ന്യൂഡൽഹി: അമേരിക്കയുടെ കടുത്ത എതിർപ്പുകളെ അവഗണിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇ.യു) തമ്മിലുള്ള നിർണ്ണായകമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ ഉപരോധം വേണമെന്ന അമേരിക്കൻ നിലപാടിനെ തള്ളിയാണ് യൂറോപ്പ് ഇന്ത്യയുമായി സഹകരിക്കുന്നത്. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന 16-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ കരാർ ഒപ്പുവയ്ക്കാനാണ് സാധ്യത. റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥികളായി എത്തുന്ന യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കരാർ സംബന്ധിച്ച അന്തിമ ചർച്ചകൾ നടത്തും.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നായി മാറുന്ന ഇതിലൂടെ ടെക്സ്റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ് മേഖലകളിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകൾക്ക് യൂറോപ്പിൽ കൂടുതൽ തൊഴിലവസരങ്ങളും എളുപ്പത്തിൽ വിസയും ലഭ്യമാകും. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം ഇറക്കുമതി തീരുവ മൂലമുള്ള ആഘാതം കുറയ്ക്കാനും ചൈനയെ ആശ്രയിക്കുന്നത് കുറക്കാനും ഈ കരാർ ഇന്ത്യയെ സഹായിക്കും. വ്യാപാരം, പ്രതിരോധം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുടനീളം ദീർഘകാല പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു സംയുക്ത തന്ത്രപരമായ അജണ്ടയും ഉച്ചകോടിയിൽ പ്രഖ്യാപിച്ചേക്കും.

 

 

Related Articles

- Advertisement -spot_img

Latest Articles