കോഴിക്കോട്: മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന കെ.ടി. ജലീൽ എം.എൽ.എയുടെ ആരോപണത്തിനെതിരെ നിയമനടപടിയുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. മുസ്‌ലിംകളുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് പാകിസ്താനിലേക്ക് ഓടിക്കണമെന്ന് സന്ദീപ് വാര്യർ ചാനൽ ചർച്ചയിൽ പറഞ്ഞുവെന്ന ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് സന്ദീപ് വാര്യർ വക്കീൽ നോട്ടീസ് അയച്ചത്. ഇത്തരം ഒരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും രാഷ്ട്രീയ ലാഭത്തിനായി ജലീൽ നുണപ്രചാരണം നടത്തുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. താൻ ഇത്തരത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് ജലീൽ ഉൾപ്പെടുന്ന സർക്കാർ തന്നെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.
തവനൂരിൽ സന്ദീപ് വാര്യർ സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ കണ്ട് ഭയന്നാണ് ജലീൽ ഇത്തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സന്ദീപ് കുറ്റപ്പെടുത്തി. ആട് പച്ചില തിന്നുന്നതുപോലെയാണ് ജലീലിന്റെ നിലപാട് മാറ്റങ്ങളെന്നും അദ്ദേഹം പരിഹസിച്ചു. നേരത്തെ മത്സരിക്കാനില്ലെന്ന് പറഞ്ഞ ജലീൽ ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞാൽ മത്സരിക്കുമെന്ന് പറയുന്നത് പരാജയഭീതി മൂലമാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. വക്കീൽ നോട്ടീസിന് പുറമെ ക്രിമിനൽ നടപടികളുമായും മുന്നോട്ട് പോകാനാണ് സന്ദീപ് വാര്യരുടെ തീരുമാനം.



