ശരീരം ഒട്ടിപ്പിടിച്ച ഫിലിപ്പീൻ ഇരട്ടകൾ വേർപെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെത്തി

റിയാദ്: ശരീരം ഒട്ടിപ്പിടിച്ച നിലയിലുള്ള ഫിലിപ്പീൻ ഇരട്ടക്കുട്ടികളായ ഒലീവിയയും ജിയാനയും വേർപെടുത്തൽ ശസ്ത്രക്രിയയ്ക്കായി റിയാദിലെത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടികൾ റിയാദിൽ എത്തിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശപ്രകാരമാണ് കുട്ടികളെ സൗദി അറേബ്യയിൽ എത്തിച്ചത്. കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (KSrelief) മേൽനോട്ടത്തിലാണ് കുട്ടികളുടെ ചികിത്സ നടക്കുന്നത്.

നെഞ്ചും വയറും ഒട്ടിപ്പിടിച്ച നിലയിലുള്ള ഈ പെൺകുട്ടികൾക്ക് റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചായിരിക്കും പരിശോധനകളും ശസ്ത്രക്രിയയും നടക്കുക. ഫിലിപ്പീൻസിൽ നിന്നുള്ള ഇരട്ടകളെ വേർപെടുത്തുന്ന സൗദിയുടെ നാലാമത്തെ കേസാണിത്. സൗദി അറേബ്യയുടെ മാനുഷിക മൂല്യങ്ങളുടെയും അന്താരാഷ്ട്ര തലത്തിലുള്ള വൈദ്യസഹായ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് ഈ നടപടി. ഒലീവിയയുടെയും ജിയാനയുടെയും ആരോഗ്യസ്ഥിതി വിദഗ്ധ സംഘം പരിശോധിച്ച ശേഷം ശസ്ത്രക്രിയയുടെ തീയതിയും മറ്റ് നടപടികളും തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles