ബെർലിൻ: അമേരിക്കയിലെ ഫെഡറൽ റിസർവിൽ സൂക്ഷിച്ചിരിക്കുന്ന ജർമ്മനിയുടെ ഭീമമായ സ്വർണ്ണശേഖരം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി ജർമ്മൻ ജനപ്രതിനിധികളും സാമ്പത്തിക വിദഗ്ധരും രംഗത്ത്. പശ്ചിമേഷ്യൻ സംഘർഷങ്ങളും ഡൊണാൾഡ് ട്രംപിന്റെ ഗ്രീൻലാൻഡ് പ്രഖ്യാപനവും ഉയർത്തുന്ന രാഷ്ട്രീയ അനിശ്ചിതത്വമാണ് ഇത്തരമൊരു ആവശ്യത്തിന് പിന്നിൽ. യു.എസിനെ ഇനി വിശ്വസിക്കാൻ കൊള്ളില്ലെന്ന ആശങ്ക ശക്തമായതോടെ 1,236 ടൺ സ്വർണ്ണം എത്രയും വേഗം രാജ്യത്ത് എത്തിക്കണമെന്നാണ് ഇവരുടെ വാദം. ലോകത്ത് സ്വർണ്ണത്തിന്റെ കരുതൽ ശേഖരത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ജർമ്മനി.
ആകെ 3,350 ടൺ സ്വർണ്ണ ശേഖരമുള്ള ജർമ്മനിയുടെ 37 ശതമാനം സ്വർണ്ണവും ന്യൂയോർക്കിലെ ഫെഡറൽ റിസർവിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സുരക്ഷ മുൻനിർത്തിയാണ് ഇത് അമേരിക്കയിലേക്ക് മാറ്റിയത്. എന്നാൽ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന അപ്രതീക്ഷിത നിലപാടുകൾ സ്വർണ്ണത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ജർമ്മൻ നികുതിദായക അസോസിയേഷൻ തലവൻ മിഷേൽ ജോഗർ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകുന്നു. നയതന്ത്ര സ്വാതന്ത്ര്യം നിലനിർത്താനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും സ്വർണ്ണം സ്വന്തം മണ്ണിൽ തന്നെ സൂക്ഷിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. എന്നാൽ, ഭരണകക്ഷിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ നിലവിൽ ഇത്തരമൊരു നീക്കത്തിന് തയ്യാറല്ലെന്ന നിലപാടിലാണ്.



