ന്യൂഡൽഹി: നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിലും കേരളത്തിന് കടുത്ത അവഗണനയെന്ന് വിമർശനം. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, അതിവേഗ റെയിൽ പദ്ധതികൾ ഇക്കുറിയും കേന്ദ്രം പരിഗണിച്ചില്ല. ഇ. ശ്രീധരൻ സമർപ്പിച്ച ഹൈസ്പീഡ് റെയിൽവേ കോറിഡോറിന് ബജറ്റിൽ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. രാജ്യത്ത് പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോൾ അതിലൊന്നിലും കേരളത്തിന് ഇടം ലഭിച്ചില്ലെന്നത് സംസ്ഥാനത്തോടുള്ള വിവേചനമാണെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വർദ്ധിപ്പിക്കുക, ജി.എസ്.ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കുക തുടങ്ങിയ ധനകാര്യ ആവശ്യങ്ങളും പൂർണ്ണമായും നിരസിക്കപ്പെട്ടു. സംസ്ഥാനം ആവശ്യപ്പെട്ട 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും കേന്ദ്രം നൽകിയില്ല. ധാതു ഇടനാഴിയും കടലാമ ഗവേഷണ കേന്ദ്രവും മാത്രമാണ് കേരളത്തിന് ലഭിച്ച എടുത്തുപറയത്തക്ക പ്രഖ്യാപനങ്ങൾ. വിഴിഞ്ഞം തുറമുഖ വികസനത്തിന് പ്രത്യേക ഫണ്ട് അനുവദിക്കാത്തതും സംസ്ഥാനത്തെ നിരാശയിലാക്കി. അമേരിക്കൻ ഇറക്കുമതി നയങ്ങൾ മൂലം കശുഅണ്ടി, സുഗന്ധവ്യഞ്ജന മേഖലകളിലുണ്ടായ തിരിച്ചടികൾ പരിഹരിക്കാൻ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന പ്രത്യാശയും ബജറ്റ് പ്രസംഗത്തോടെ ഇല്ലാതായി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് വലിയ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷകളാണ് ഇതോടെ അസ്തമിച്ചിരിക്കുന്നത്.



