13.7 C
Saudi Arabia
Wednesday, February 25, 2026
spot_img

മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊന്നു; ലഹരിയുടെ സ്വാധീനമെന്ന് പോലീസ് സംശയം

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് രേഖകൾ നൽകാനെന്ന വ്യാജേന വീട്ടിലെത്തി പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമർ ഫാറൂഖിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. കടുത്ത ലഹരിക്കടിമയായ ഇയാൾ ലഹരി ഉപയോഗിച്ചെത്തി നടത്തിയ അക്രമാസക്തമായ നീക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാറുള്ള ഉമർ ഫാറൂഖിനെ കുറച്ചുനാൾ മുൻപ് വീട്ടിൽ നിന്നും ഇറക്കിവിട്ടിരുന്നു. മൂന്ന് മാസം മുൻപ് വിദേശത്തുനിന്നും നാട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വിവാഹമോചനത്തിന്റെ വക്കിലായിരുന്നു. മകളുടെ മാതാവിന്റെ പേരിലുള്ള സ്ഥലത്തിന്റെ രേഖകൾ തിരികെ നൽകാനെന്ന പേരിൽ വിശ്വസിപ്പിച്ച് വീട്ടിലെത്തിയ ഉമർ ഫാറൂഖ്, സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടായതോടെ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകളുടെ കഴുത്തിന് വെട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന ജുമൈലയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം സ്ഥലത്തുതന്നെ നിന്ന പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. മൃതദേഹം മഞ്ചേശ്വരത്തെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles