റിയാദ്: നൈജർ തലസ്ഥാനമായ നിയാമിയിലെ ദിയോറി ഹമാനി അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സൗദി വിദേശകാര്യ മന്ത്രാലയം കടുത്ത ദുഃഖം രേഖപ്പെടുത്തി. എല്ലാത്തരം അക്രമങ്ങളെയും തീവ്രവാദത്തെയും തള്ളിക്കളയുന്ന തങ്ങളുടെ ഉറച്ച നിലപാട് സൗദി ആവർത്തിച്ചു. ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ നൈജറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സൗദി, മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും നൈജർ സർക്കാരിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും പ്രസ്താവനയിൽ അറിയിച്ചു.
പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് വെറും 10 കിലോമീറ്റർ മാത്രം അകലെയുള്ള വിമാനത്താവളത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. ഇവിടെ ഒരു വ്യോമസേനാ താവളവും പ്രവർത്തിക്കുന്നുണ്ട്. വിമാനത്താവളത്തിന് ഉള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച 20 ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് പരിക്കേറ്റതായും നൈജർ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. മേഖലയിൽ സുരക്ഷ ശക്തമാക്കിയതായും ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.



