റിയാദ്: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് സൗദി ആരോഗ്യ കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കാൻസർ അതിജീവന നിരക്കിൽ സൗദി അറേബ്യ ജി-20 രാജ്യങ്ങളിൽ ആദ്യ പത്തിൽ ഇടംനേടി. രാജ്യത്ത് ഏറ്റവും സാധാരണയായി കണ്ടുവരുന്ന കാൻസർ തരങ്ങളുടെ അതിജീവന നിരക്കിലാണ് ഈ വലിയ മുന്നേറ്റം. സ്തനാർബുദത്തിൽ 76 ശതമാനവും, പ്രോസ്റ്റേറ്റ് കാൻസറിൽ 82 ശതമാനവും, വൻകുടലിലെ കാൻസറിൽ 61 ശതമാനവുമാണ് നിലവിലെ അതിജീവന നിരക്ക്. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും മന്ത്രാലയം നടപ്പിലാക്കിയ കൃത്യമായ പദ്ധതികളുടെ ഫലമാണിതെന്ന് കൗൺസിൽ വിലയിരുത്തി.
കാൻസർ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ദേശീയ കാൻസർ സെന്റർ സ്ഥാപിച്ചത് ഈ മേഖലയിലെ പ്രധാന നാഴികക്കല്ലാണ്. കൂടാതെ, അക്യൂട്ട് ലുക്കീമിയ ബാധിച്ച രോഗികൾക്ക് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക പാത രൂപീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിൽ സൗദി അംഗത്വം നേടിയതും അന്താരാഷ്ട്ര കോൺകോർഡ് പ്രോഗ്രാമിലെ പങ്കാളിത്തവും ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നു. കാൻസർ സംബന്ധിച്ച ഡാറ്റാ ശേഖരണത്തിനും വിശകലനത്തിനുമായി 27 ദേശീയ റിപ്പോർട്ടുകളാണ് ഇതുവരെ കൗൺസിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.



