21.2 C
Saudi Arabia
Tuesday, February 10, 2026
spot_img

മാധ്യമങ്ങളിൽ ധാർമ്മികതയും കൃത്യതയും അനിവാര്യം; റിപ്പോർട്ടിംഗിലെ വെല്ലുവിളികൾ ചർച്ചയാക്കി സൗദി മീഡിയ ഫോറം

റിയാദ്: പ്രതിസന്ധി ഘട്ടങ്ങളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ പാലിക്കേണ്ട ധാർമ്മികതയെയും ഉത്തരവാദിത്തത്തെയും കുറിച്ച് റിയാദിൽ നടന്ന സൗദി മീഡിയ ഫോറത്തിൽ വിദഗ്ധർ ചർച്ച ചെയ്തു. ‘മാധ്യമങ്ങളും പ്രതിസന്ധികളും: അവബോധത്തിനായുള്ള പോരാട്ടവും ഉത്തരവാദിത്തമുള്ള കവറേജിന്റെ വെല്ലുവിളികളും’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് അറബ് മാധ്യമരംഗം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പ്രമുഖർ സംസാരിച്ചത്. സന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്ത അപൂർണ്ണമായ വാർത്തകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കുമെന്നും ചർച്ചയിൽ പങ്കെടുത്ത ‘സഖാഫിയ’ ചാനൽ ജനറൽ മാനേജർ മാലിക് അൽ റൗഗി പറഞ്ഞു.

കൃത്യതയും വസ്തുനിഷ്ഠതയും കൈവിടുന്നത് മാധ്യമസ്ഥാപനങ്ങളെ വെറും പ്രചാരണ യന്ത്രങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമാധാനകാലത്തേക്കാൾ സംഘർഷസമയങ്ങളിൽ മാധ്യമങ്ങൾ കൂടുതൽ ആത്മസംയമനവും വിശ്വാസ്യതയും പുലർത്തണമെന്നും ഇത് ആഗോളതലത്തിൽ തന്നെ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരോട് മത്സരിക്കാൻ വേണ്ടി പരമ്പരാഗത മാധ്യമങ്ങൾ തെറ്റായ വഴികൾ തെരഞ്ഞെടുക്കരുതെന്ന് അൽ-അറബിയ ചാനലിലെ ഹസൻ അൽ മുസ്തഫ ഓർമ്മിപ്പിച്ചു. രാഷ്ട്രീയവും ചരിത്രപരവുമായ പശ്ചാത്തലങ്ങൾ ഉൾപ്പെടുത്തി വേണം വാർത്തകൾ നൽകാനെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ യുഗത്തിൽ സർക്കാർ വക്താക്കളുടെ മാറിയ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഫോറം ചർച്ച ചെയ്തു. വിവരങ്ങൾ കൈമാറുന്നതിനപ്പുറം, ഡാറ്റയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സഹായത്തോടെ പൊതുജനാഭിപ്രായം മനസ്സിലാക്കി സംഭാഷണങ്ങളിൽ ഏർപ്പെടാനാണ് വക്താക്കൾ ശ്രമിക്കേണ്ടതെന്ന് സൗദി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ പറഞ്ഞു. പ്രതിസന്ധികൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ അവ മുൻകൂട്ടി കാണാനും കൃത്യമായ രീതിയിൽ വാർത്താ വിവരണം നിയന്ത്രിക്കാനും വക്താക്കൾക്ക് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകർ, വിദഗ്ധർ, നയതന്ത്രജ്ഞർ എന്നിവരുൾപ്പെടെ വലിയൊരു വിഭാഗം ഈ വർഷത്തെ ഫോറത്തിൽ പങ്കെടുത്തു.

 

Related Articles

- Advertisement -spot_img

Latest Articles