പാരിസ്: അഞ്ച് പതിറ്റാണ്ടിലേറെക്കാലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വന്തം മാതാവിനെയും അമ്മായിയെയും കൊലപ്പെടുത്തുകയും ചെയ്ത മുൻ ഫ്രഞ്ച് അധ്യാപകൻ ജാക്വസ് ലെവ്യൂഗിൾ (79) അറസ്റ്റിലായി. ഇന്ത്യയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലായി 89 കുട്ടികളെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തൽ. പീഡനവിവരങ്ങൾ ഇയാൾ തന്നെ ‘ഓർമ്മക്കുറിപ്പുകളായി’ സൂക്ഷിച്ച യു.എസ്.ബി ഡ്രൈവ് ബന്ധുക്കൾ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചതോടെയാണ് ലോകത്തെ നടുക്കിയ ഈ ക്രൂരതകൾ പുറംലോകമറിഞ്ഞത്.
1967 മുതൽ 2022 വരെയുള്ള കാലയളവിൽ അധ്യാപകനായും പരിശീലകനായും വേഷമിട്ട് ലോകം ചുറ്റിയാണ് ഇയാൾ പീഡനങ്ങൾ നടത്തിയത്. 13-നും 17-നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളായിരുന്നു ഇയാളുടെ പ്രധാന ഇരകൾ. ചോദ്യം ചെയ്യലിനിടെ, ക്യാൻസർ ബാധിതയായ സ്വന്തം മാതാവിനെയും 92 വയസ്സുള്ള അമ്മായിയെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും പ്രതി സമ്മതിച്ചു. ജർമ്മനി, സ്വിറ്റ്‌സർലൻഡ്, മൊറോക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇയാൾ അധ്യാപകനായി ജോലി ചെയ്തിരുന്നു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇയാൾക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്.



