19.7 C
Saudi Arabia
Friday, February 13, 2026
spot_img

കൊലക്കേസ്; ബി.ജെ.പി എം.എൽ.എ ബൈരതി ബസവരാജ് വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: ഗുണ്ടാസംഘത്തലവൻ ബിക്ലു ശിവ എന്ന ശിവകുമാറിനെ കൊലപ്പെടുത്തിയ കേസിൽ മുൻ മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ ബൈരതി ബസവരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് ദേവനഹള്ളി പോലീസാണ് ഇദ്ദേഹത്തെ പിടികൂടിയത്. കൊലക്കേസിൽ മുൻകൂർ ജാമ്യം തേടി ബസവരാജ് സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി നിരാകരിച്ചതിന് പിന്നാലെയാണ് നാടകീയമായ അറസ്റ്റ് നടന്നത്. കെ.ആർ പുരം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ ഇദ്ദേഹം ഈ കൊലക്കേസിലെ അഞ്ചാം പ്രതിയാണ്.

റിയൽ എസ്റ്റേറ്റ് മേഖലയിലെ ബിസിനസ് വൈരാഗ്യത്തെത്തുടർന്ന് കഴിഞ്ഞ ജൂലൈ 15-ന് രാത്രിയായിരുന്നു ശിവകുമാർ കൊല്ലപ്പെട്ടത്. കേസിൽ കർണാടക ഹൈക്കോടതി നേരത്തെ അനുവദിച്ചിരുന്ന ഇടക്കാല ജാമ്യം ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ കേസ് അന്വേഷിക്കുന്ന സി.ഐ.ഡി പോലീസ് ബുധനാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കിയതിനിടെയാണ് എം.എൽ.എ പിടിയിലാകുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘത്തിന് കൈമാറും.

Related Articles

- Advertisement -spot_img

Latest Articles