റിയാദ്: സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട് പ്ലാറ്റ്‌ഫോമായ അബ്ഷീറിൽ (Absher) നാല് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ കൂടി ആരംഭിച്ചു. ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫിന്റെ രക്ഷാകർതൃത്വത്തിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ പാസ്‌പോർട്ട് വിഭാഗം ആക്ടിംഗ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. സാലിഹ് അൽ മുറബ്ബയാണ് പുതിയ സേവനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. പ്രവാസികളുടെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുക, ഡിപെൻഡന്റുകളുടെ (ആശ്രിതരുടെ) വാണിജ്യ രജിസ്‌ട്രേഷൻ റദ്ദാക്കുക, ഡിപെൻഡന്റിനെ വേർപെടുത്തുക, സൽവ ബോർഡർ ക്രോസിംഗിലൂടെയുള്ള അബ്ഷീർ യാത്രാ സേവനം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ സേവനങ്ങൾ.
ഡിജിറ്റൽ ഇടപാടുകൾ വികസിപ്പിക്കുന്നതിന്റെയും പാസ്‌പോർട്ട് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് മേജർ ജനറൽ അൽ മുറബ്ബ വ്യക്തമാക്കി. ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാനും സ്മാർട്ട് സൊല്യൂഷനുകളിലൂടെ നടപടിക്രമങ്ങൾ ലഘൂകരിക്കാനും പുതിയ സേവനങ്ങൾ സഹായിക്കും. വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന ഡിജിറ്റൽ പരിവർത്തനത്തിന്റെ ഗുണഫലങ്ങൾ ഗുണഭോക്താക്കളിലേക്ക് വേഗത്തിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.



