ടെഹ്‌റാൻ: അന്താരാഷ്ട്രതലത്തിൽ അതീവ പ്രാധാന്യമുള്ള ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ചില രാജ്യങ്ങൾക്ക് ഇറാൻ ഭാഗിക ഇളവുകൾ അനുവദിച്ചു. ചില രാജ്യങ്ങൾ കടലിടുക്ക് കടന്നുപോകുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അവരുമായി സഹകരിച്ചിട്ടുണ്ടെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജീദ് തഖ്ത്-റവാഞ്ചി അറിയിച്ചു. ലോകത്തിലെ അസംസ്‌കൃത എണ്ണയുടെ 20 ശതമാനത്തിലധികം കടന്നുപോകുന്ന ഈ നിർണ്ണായക ജലപാതയിൽ സംഘർഷത്തെത്തുടർന്ന് നിലവിൽ കനത്ത നിയന്ത്രണങ്ങൾ നിലനിൽക്കുകയാണ്. ആക്രമണങ്ങളിൽ പങ്കുള്ള രാജ്യങ്ങൾ ഹുർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോകരുതെന്ന നിലപാടിലാണ് ഇറാൻ.
യുദ്ധം തുടങ്ങിയതോടെ എണ്ണക്കടത്ത് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ, മേഖലയിലെ സുരക്ഷാ ഭീഷണികൾ ചർച്ച ചെയ്യാൻ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) മാർച്ച് 18, 19 തീയതികളിൽ ലണ്ടനിൽ അടിയന്തര യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ, വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളിലും ജീവഹാനിയിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായി സംസാരിച്ച് ആശങ്ക അറിയിക്കുകയും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.



