വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച വൈറ്റ് ഹൗസ് മതസ്വാതന്ത്ര്യ കമ്മിഷനിലെ ഏക മുസ്ലിം വനിതാ ഉപദേഷ്ടാവായ സമീറ മുൻഷി സ്ഥാനം രാജിവെച്ചു. ട്രംപ് ഭരണകൂടം ഇസ്രായേലിന്റെ സയണിസ്റ്റ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും വിദേശത്തും സ്വദേശത്തും ഭരണകൂടം ക്രൂരതകൾ തുടരുകയാണെന്നും ആരോപിച്ചാണ് പ്രശസ്ത ആക്ടിവിസ്റ്റ് കൂടിയായ സമീറയുടെ ഈ തീരുമാനം. 2025 മെയ് മാസത്തിൽ ഉപദേശക സമിതിയിലേക്ക് നിയമിതയായ സമീറ, സയണിസത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ചതിന്റെ പേരിൽ കമ്മിഷൻ അംഗം കാരി പ്രീജീൻ ബോളറെ പുറത്താക്കിയ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
മുസ്‌ലിംകളുടെയും വിശ്വാസികളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭരണകൂടം അടിച്ചമർത്തുകയാണെന്നും, കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനിൽ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. ഇസ്രായേലിനെ വംശഹത്യ നടത്തുന്ന രാജ്യം എന്ന് വിശേഷിപ്പിച്ച സമീറ, അമേരിക്കൻ പൗരന്മാരുടെ നികുതിപ്പണം നിരപരാധികളായ ഫലസ്തീനികളെയും ഇറാനികളെയും കൊല്ലാൻ വിനിയോഗിക്കുന്നതിനെ ശക്തമായി എതിർത്തു. താൻ ഇസ്രായേലിനേക്കാൾ ഉപരിയായി അമേരിക്കയെ സ്നേഹിക്കുന്നുണ്ടെന്നും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തോടും അവകാശങ്ങളോടും അനാദരവ് കാണിക്കുന്ന ഈ സർക്കാരിനെ ഇനി പിന്തുണയ്ക്കാനാവില്ലെന്നും അവർ തന്റെ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ കൂട്ടിച്ചേർത്തു.



