ടെഹ്‌റാൻ/കൊളംബോ: ശ്രീലങ്കൻ സമുദ്രതീരത്ത് ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയ്ക്ക് (IRIS Dena) നേരെ അമേരിക്ക നടത്തിയ മാരകമായ ടോർപ്പിഡോ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി മേജർ ജനറൽ അമീർ ഹതാമി മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നടന്ന നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന കപ്പലിനെ ലക്ഷ്യമാക്കി യുഎസ് അന്തർവാഹിനി നടത്തിയ ആക്രമണത്തിൽ 104 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സമാധാനപരമായ ദൗത്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന കപ്പലിനെ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് അമേരിക്ക ക്രൂരമായി കൊലപ്പെടുത്തിയെന്നും ഇതിന് ഉടൻ മറുപടി നൽകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ‘നിശബ്ദ മരണം’ എന്ന് വിശേഷിപ്പിച്ച ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
ഗാലെ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട 32 പേർ നിലവിൽ ശ്രീലങ്കയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച ശ്രീലങ്കയിലെ മട്ടാല രാജപക്സെ അന്താരാഷ്ട്ര വിമാനത്താവളം വഴി ഇറാനിലേക്ക് കൊണ്ടുപോയി. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ഇക്ഷാക് എന്നീ കപ്പലുകളും പി-8I വിമാനങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കുചേർന്നിരുന്നു. ജനീവ കൺവെൻഷന്റെ ലംഘനമാണ് നടന്നതെന്നും ഈ ക്രൂരതയ്ക്ക് അമേരിക്ക കഠിനമായി ഖേദിക്കേണ്ടി വരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു. സംഭവത്തെത്തുടർന്ന് പശ്ചിമേഷ്യയിലെ യുഎസ് സഖ്യകക്ഷികൾക്ക് നേരെ ഇറാൻ പ്രതികാര നടപടികൾ ആരംഭിച്ചതായാണ് ലഭിക്കുന്ന സൂചനകൾ.



