28.2 C
Saudi Arabia
Sunday, March 15, 2026
spot_img

ഇന്ധന ലഭ്യതയിൽ ആശങ്ക വേണ്ട: കേന്ദ്രം, പിന്നെയെന്തിന് മുന്നറിയിപ്പ്: സോഷ്യൽ മീഡിയ

ന്യൂ ഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകളിൽ പെട്രോളിനും ഡീസലിനും ആവശ്യമായ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. തമിഴ്നാട്ടിലെ പെട്രോൾ പമ്പിൽ നിന്നും ഉപഭോക്താവ് അശ്രദ്ധമായി ഇന്ധനം ശേഖരിച്ച സംഭവം ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ഇന്ധനം കൈകാര്യം ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും, അതിനാൽ പാത്രങ്ങളിലോ അശാസ്ത്രീയമായ കണ്ടെയ്നറുകളിലോ ഇന്ധനം നിറയ്ക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമവിരുദ്ധമായി ഇന്ധനം നൽകിയതിന് പ്രസ്തുത പെട്രോൾ പമ്പ് അധികൃതർ സസ്പെൻഡ് ചെയ്യുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ പെട്രോൾ പമ്പുകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഡീലർമാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അതേസമയം, സർക്കാരിന്റെ ഈ മുന്നറിയിപ്പിനെതിരെ രൂക്ഷമായ വിമർശനങ്ങളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇന്ധനം ആവശ്യത്തിനുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി പറയേണ്ടി വരുന്നുണ്ടെങ്കിൽ, ജനങ്ങൾ സർക്കാരിന്റെ വാക്കുകളിൽ വിശ്വാസമർപ്പിക്കുന്നത് നിർത്തിയിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടതെന്നാണ് പ്രധാന വിമർശനം. ‘പരിഭ്രാന്തരാകേണ്ടതില്ല’ എന്ന നിർദ്ദേശം സാധാരണയായി പരിഭ്രാന്തി ആരംഭിച്ചതിന് ശേഷമാണ് പുറത്തുവരാറുള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഒരു പെട്രോൾ പമ്പിലെ ചെറിയൊരു സംഭവത്തിന് മന്ത്രാലയം ഇത്ര വേഗത്തിൽ ദേശീയതലത്തിൽ ജാഗ്രതാ നിർദ്ദേശം നൽകുന്നത് ജനങ്ങളിലെ ഇന്ധനക്ഷാമത്തെക്കുറിച്ചുള്ള ഭയം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണെന്നും പലരും അഭിപ്രായപ്പെടുന്നു. ഇന്ധന വിലക്കയറ്റത്തെയും വിതരണത്തിലെ അനിശ്ചിതത്വത്തെയും അടിസ്ഥാനമാക്കി വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തും സർക്കാരിന്റെ ആശയവിനിമയ ശൈലിക്കെതിരെ വ്യാപകമായ പരിഹാസങ്ങളാണ് ഉയരുന്നത്.

Related Articles

- Advertisement -spot_img

Latest Articles